
കോട്ടയം: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി വിധിച്ചു. വിജിലൻസ് സമർപ്പിച്ച രേഖകളും തെളിവുകളും പരിഗണിച്ച ശേഷമാണ് കോടതിയുടെ നിർണായക വിധി.
ശിക്ഷ ഉച്ചയ്ക്ക് രണ്ട് മണിയോടെ വിധിക്കും. പരമാവധി ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.
വിധി പ്രസ്താവിച്ച ശേഷം എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയായിരുന്നു തച്ചങ്കരി. രണ്ട് ദിവസം മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടെന്നും നിലവിൽ ശാരീരികമായി സുഖമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതേസമയം, കേസിൽ പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
2007ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക വരുമാനത്തിന് ആനുപാതികമല്ലാത്ത രീതിയിൽ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
അന്വേഷണത്തിൽ തച്ചങ്കരിയുടെ സ്വത്ത് ഔദ്യോഗിക വരുമാനത്തേക്കാൾ ഏകദേശം 135 ശതമാനം അധികമാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. സ്വത്തിന്റെ വരവ് സംബന്ധിച്ച കാര്യങ്ങൾ തച്ചങ്കരിക്ക് കൃത്യമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതേസമയം, സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ചെലവുകളുടെ രേഖകൾ വിജിലൻസിന് ലഭിച്ചിരുന്നു.
നീണ്ട അന്വേഷണത്തിനും നിയമനടപടികൾക്കും പിന്നാലെ 2013ലാണ് വിജിലൻസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. അന്ന് എഡിജിപിയായിരുന്ന ടോമിൻ തച്ചങ്കരിക്കെതിരെ വിവിധ ക്രമക്കേടുകളും അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.
വർഷങ്ങളായി കോടതിയിൽ തുടരുന്ന കേസിലാണ് ഇപ്പോൾ നിർണായക വിധി വന്നിരിക്കുന്നത്. വിജിലൻസ് ഹാജരാക്കിയ രേഖകളും തെളിവുകളും കോടതി അംഗീകരിച്ചതോടെയാണ് തച്ചങ്കരി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.








